മലപ്പുറം: പ്രകൃതിചികിത്സയ്ക്കും യോഗ സമ്പ്രദായത്തിനും കീഴിൽ സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തുവെന്നും അഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നുമുള്ള പരാതിയിൽ യുവതിക്ക് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നഷ്ടപരിഹാരം വിധിച്ചു. ചികിത്സാ ചെലവ് ഉൾപ്പെടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. കുട്ടിയുടെ മരണം ചികിത്സിച്ചവരുടെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി. മൂന്ന് പ്രസവങ്ങളും സിസേറിയനിലൂടെയാണെങ്കിലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് നാലാം പ്രസവത്തിനായി പരാതിക്കാരി വാളക്കുളത്തെ സ്പ്രൗട്ട്സ് ഇന്‍റർനാഷണൽ മെറ്റേണിറ്റി സ്റ്റുഡിയോയിൽ എത്തിയത്. സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പരിശോധിച്ച പറഞ്ഞതിനാൽ അഞ്ച് മാസത്തോളം സ്ഥാപനത്തിലെ ചികിത്സാ രീതികൾ പിന്തുടർന്നു. പ്രസവവേദനയെ തുടർന്ന് സ്ഥാപനത്തിൽ എത്തി. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രസവിച്ചില്ല. ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു. ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷവും ദേഹാസ്വാസ്ഥ്യം തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
Post a Comment
0 Comments