മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കാൻ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പങ്ക് അന്വേഷിക്കുകയാണ്. മോൻസൺ മാവുങ്കലിന്‍റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയാണെന്ന് ക്രൈംബ്രാഞ്ച് ന്യായീകരിച്ചു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ് കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണത്തിൽ ഐജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, സി.ഐ എ.അനന്തലാൽ, എസ്.ഐ എ.ബി. വിബിൻ, മുൻ സിഐ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനും കുടുംബത്തിനും മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, തട്ടിപ്പുകേസിൽ പ്രതി ചേർക്കാനുളള തെളിവുകളൊന്നും ലഭിച്ചില്ല. അനന്തലാലും വിപിനും മോൻസൺ മാവുങ്കലിൽ നിന്ന് പണം കടം വാങ്ങുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിച്ചുവരികയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പട്രോളിംഗിന്‍റെ ഭാഗമായി പോയിന്‍റ് ബുക്ക് വീടിന് മുന്നിൽ വച്ചത്. പ്രത്യേക പോലീസ് സംരക്ഷണം നൽകിയിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഇടപെടാൻ ശ്രമിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ ശ്രമങ്ങൾ വിജയിച്ചില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Post a Comment
0 Comments