കൊച്ചി: തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കുറ്റപത്രമായതിനാൽ ഇത് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. ഐപിസി സെക്ഷൻ 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കുറ്റപത്രം സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്‍റണി രാജു വാദിച്ചു. തനിക്കെതിരേ ഇങ്ങനെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കേസിൽ ഉൾപ്പെട്ട വ്യക്തിയല്ല താനെന്നും ആന്‍റണി രാജു ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ റിപ്പോർട്ട് തേടിയത്. ഹർജി നിലനിൽക്കുമോ എന്ന നിയമപ്രശ്നത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
Post a Comment
0 Comments