വിമാനത്തിൽ വച്ച് പുകവലിച്ചെന്നാരോപിച്ച് ഇൻസ്റ്റാഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തിൽ ഇരിക്കുമ്പോൾ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് തീപിടിത്തം പോലുള്ള വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ നിരവധി പേർ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. ഇൻസ്റ്റാഗ്രാമിൽ 6.3 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കതാരിയയ്ക്കുള്ളത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുനേരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷമായാണ് ബോബി കതാരിയ വിമര്‍ശിച്ചത്. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഇയാള്‍ മാധ്യമങ്ങള്‍ റീച്ചിന് വേണ്ടി എന്തും ചെയ്യുമെന്നും പരിഹസിച്ചിരുന്നു. ഇതിനിടെ നടുറോഡിൽ മദ്യപിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോബി കതാരിയ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഡെറാഡൂണിലെ വച്ചായിരുന്നു മദ്യപാനം. വീഡിയോയുടെ പേരിൽ ഉത്തരാഖണ്ഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments