തിരുവനന്തപുരം : 'സ്ഫടികം' എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയാണ് തന്റെ വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമെന്ന് നടൻ കാർത്തി. തന്‍റെ പുതിയ ചിത്രമായ വിരുമന്‍റെ പ്രമോഷന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരുത്തിവീരൻ എന്ന ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തുടങ്ങിയതിനാൽ അത്തരം സിനിമകളോട് തനിക്ക് വളരെ അടുപ്പമുണ്ടെന്നും കാർത്തി പറഞ്ഞു. ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമകളിൽ അഭിനയിക്കുമ്പോൾ, എനിക്ക് ഒരു സൂപ്പർമാനെ പോലെ തോന്നാറുണ്ട്. എന്തുവേണമെങ്കിലും ചെയ്യാമല്ലോ, കാർത്തി പറഞ്ഞു. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സ്ഫടികം. അതില്‍ മോഹന്‍ലാല്‍ സാറും തിലകന്‍ സാറും എങ്ങനെയാണോ അതുപോലെയാണ് ഈ സിനിമയില്‍ ഞാനും പ്രകാശ് രാജ് സാറും അച്ഛനും മകനുമായി ചെയ്തത്. സ്ഫടികം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും, മറ്റൊരാൾ നേരത്തെ അത് ചെയ്തു. വിരുമൻ എന്ന കഥാപാത്രത്തിന് വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് തോന്നിയപ്പോഴാണ് സ്ഫടികത്തിലെ റെയ്ബാൻ ഗ്ലാസ് ഞാൻ ഓർത്തത്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും വിരുമനിൽ റെയ്ബാൻ വെച്ചത്. വിരുമൻ എന്ന കഥാപാത്രത്തിന് യഥാർത്ഥ പ്രചോദനം ആട് തോമയാണെന്നും കാർത്തി പറഞ്ഞു.
Post a Comment
0 Comments