Type Here to Get Search Results !

Bottom Ad

കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്‍റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്. കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്ന് കരുതി സംസ്കരിച്ചെങ്കിലും ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്. മൃതദേഹം ദീപക്കിന്‍റേതല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇർഷാദിന്‍റെ മാതാപിതാക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതേതുടർന്ന് ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലൈ 16ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽ ചുവന്ന കാറിൽ വന്നിറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാർ വെളിപ്പെടുത്തിയതാണ് കേസിൽ വഴിത്തിരിവായത്. യുവാവ് പുഴയിലേക്ക് ചാടിയപ്പോൾ തട്ടിക്കൊണ്ടുപോയവർ കാറുമായി രക്ഷപ്പെട്ടു. പിറ്റേന്ന് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. ജൂലൈ 28നാണ് അമ്മ നബീസ മകൻ ഇർഷാദിനെ കാണാനില്ലെന്ന് കാണിച്ച് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad