റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട് കണ്ണുനീരടക്കാൻ കഴിയാത്ത താരത്തെ ദൃശ്യങ്ങളിൽ കാണാം. അഭയാര്‍ഥികളോടൊപ്പമിരുന്ന് അവരുടെ കഥ കേള്‍ക്കുന്നതിനിടയില്‍ പോളണ്ടിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന തന്റെ കുടുംബാംഗത്തെ കുറിച്ച് പറഞ്ഞ് ഒരു സ്ത്രീ കരയുകയായിരുന്നു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലെന്നും സ്ത്രീ കരച്ചലിടക്കാനാകാതെ പറഞ്ഞു. ഇതുകേട്ട് പ്രിയങ്കയുടെ കണ്ണുകളും നിറയുകയായിരുന്നു ഇതിന്‍റെ വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. യുദ്ധഭൂമിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥയെക്കുറിച്ച് പ്രിയങ്ക സംസാരിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടികളോടൊപ്പം കളിക്കുന്ന പ്രിയങ്ക, പെയിന്‍റിംഗ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം. കുട്ടികൾ അവർ നിർമ്മിച്ച പാവകൾ പ്രിയങ്കയ്ക്ക് സമ്മാനിച്ചു.
Post a Comment
0 Comments