ന്യൂഡല്‍ഹി (www.evisionnews.in): കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കും. ഹൈക്കമാന്‍ഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് േനരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തല്‍. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ നേര്‍വഴിക്കു നടത്തുകയെന്ന ജി 23 സംഘത്തിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണു തിരുത്തല്‍വാദി സംഘമായി ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങള്‍ക്കിടയിലുണ്ട്.
ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാര്‍ട്ടിയില്‍ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം. തിരഞ്ഞെടുപ്പ് ഒഴിവായാല്‍ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ ഒരു തലത്തിലും ചര്‍ച്ചയാവില്ല. മത്സരം നടത്തുന്നതിലൂടെ, ഇക്കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും. തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്തു മറുപടിയാണുള്ളതെന്ന് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയോട് ചോദിക്കാനുമാവും. ഹൈക്കമാന്‍ഡിന്റെ പ്രതിനിധി എന്ന ഏക കാരണത്താല്‍, ആരോടും ഒരുത്തരവും നല്‍കാതെ വിജയിച്ചു കയറുന്നയാള്‍ പ്രസിഡന്റ് പദവിയില്‍ ഉത്തരവാദിത്തം കാണിക്കില്ലെന്നും സംഘം വിലയിരുത്തുന്നു.
Post a Comment
0 Comments