ന്യൂഡല്‍ഹി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ മകൻ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും ഹർജി നൽകിയിട്ടുണ്ട്. തന്‍റെ വാദങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആരോപിച്ചാണ് മകൻ ഹർജി നൽകിയിരിക്കുന്നത്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേതുടർന്ന് തിരുവനന്തപുരം പോക്സോ കോടതി കേസിൽ നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി പ്രോസിക്യൂഷന്‍റെ ഭാഗം മാത്രമാണ് കേട്ടതെന്നും തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ച് മകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും കേസിൽ വിചാരണ നേരിടാൻ അമ്മയോട് നിർദ്ദേശിക്കണമെന്നും അഭിഭാഷക അന്‍സു കെ. വര്‍ക്കി മുഖേന നൽകിയ ഹർജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Post a Comment
0 Comments