കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് കൊച്ചിയിലെ എൻഐഎ കോടതി തീരുമാനിക്കും. തടിയന്റവിട നസീർ, സബീർ, താജുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂർത്തിയാക്കാതെയാണ് ശിക്ഷ വിധിക്കുന്നത്. റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി കണക്കാക്കുമെന്ന കാരണത്താലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നാണ് സൂചന. നേരത്തെ കേസിലെ 11 പ്രതികളിൽ ഒരാളെ കുറ്റവിമുക്തനാക്കിയിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2005 സെപ്റ്റംബർ 9ന് കളമശേരിയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതികൾ ബസിന് തീയിട്ടു. കേസിലെ അഞ്ചാം പ്രതിയായ കെ.എ അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലും ജയിലിൽ ആയതിനാലാണ് വിചാരണ വൈകിയത്. 2010ലാണ് കുറ്റപത്രം സമർപ്പിച്ചതെങ്കിലും 2019 ൽ മാത്രമാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.
Post a Comment
0 Comments