ചേലക്കാട്: പ്രമുഖ മതപണ്ഡിതനും സൂഫീവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ ചേലക്കാട് കെ. മുഹമ്മദ് മുസ്ലിയാര്‍ എന്ന ചേലക്കാട് ഉസ്താദ് ഇനി ദീപ്ത സ്മരണ. ഉസ്താദിന്റെ വിയോഗത്തോടെ സമുദായത്തിനും സമൂഹത്തിനും നഷ്ടമായത് കര്‍മശാസ്ത്രത്തിലും വ്യാകരണ ശാസ്ത്രത്തിലും അത്ഭുതകരമായ അവഗാഹവും പ്രാവീണ്യവും തെളിയിച്ച പണ്ഡിത കേസരിയെയാണ്. കിതാബുകളിലെ ഓരോ വരികളും ആശയങ്ങളും മന:പാഠമാക്കുന്നതില്‍ സമാനതകളില്ലാത്ത പാണ്ഡിത്യ വലിപ്പമുള്ള വ്യക്തിയാണ് ചേലക്കാട് കെ. മുഹമ്മദ് മുസ്ലിയാര്‍. സ്വതസിദ്ധമായ കടത്തനാടിന്റെ വടക്കന്‍ ശൈലിയിലുള്ള ഭാഷാ പ്രയോഗങ്ങള്‍ ആവേശത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് വരവേര്‍ക്കാറുള്ളതെന്ന് ശിഷ്യര്‍ പറയാറുണ്ട്. വിനയവും സൂക്ഷ്മതയും ജ്ഞാനദീപ്തിയും ഇഴുകിച്ചേര്‍ന്ന പാരമ്പര്യ പണ്ഡിതനിരയിലെ നിറസാന്നിധ്യമാണദ്ദേഹം.
കേരളത്തിലെ അറിയപ്പെട്ട ബിരുദദാന സ്ഥാപനങ്ങളിലും പള്ളികളിലും ജോലി ചെയ്ത ഈ ജ്ഞാന കുലപതിക്ക് ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ ഉണ്ട്. 2004 ലാണ് ഉസ്താദിനെ മുശാവറ മെമ്പറായി തെരഞ്ഞെടുത്തത്. കോട്ടുമല ബാപ്പു മുസ്ലിയാര്‍, കാപ്പില്‍ ഉമര്‍ മുസ്ലിയാര്‍ എന്നിവരെയും അന്ന് തന്നെയാണ് മുശാവറയിലേക്ക് തെരഞ്ഞെടുത്തത്. ദീര്‍ഘകാലമായി ഉസ്താദ് സമസ്ത കേന്ദ്ര മുശാവറ മെമ്പറും കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയും പാറന്നൂര്‍ ഉസ്താദിന് ശേഷം നിലവില്‍ പ്രസിഡന്റ് കൂടിയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമസത് ട്രഷററായി സ്ഥാനമേറ്റെടുത്തത്.
Post a Comment
0 Comments