കാസര്‍കോട് (www.evisionnews.in): റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വച്ചത് തമിഴ്നാട്ടുകാരിയായ 22കാരിയാമെന്ന് പൊലീസ്. ഇവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന തമിഴ്നാട്ടിലെ കനകവല്ലി (22) ആണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് ബേക്കല്‍ കോട്ടിക്കുളം പാതയില്‍ ട്രാക്കില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളിയാണ് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് ആദ്യം പൊലീസ് കരുതിയത്. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കനകവല്ലി കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസിന്റെ സമര്‍ഥമായ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ അറസ്റ്റിലായത്.
കാസര്‍കോട് തളങ്കരയിലും പാളത്തില്‍ കല്ല് വെച്ചതായി കണ്ടെത്തിയിരുന്നു. ആകെ അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റെയില്‍വേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍കോട് എത്തിയിരുന്നു. പാളത്തില്‍ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കോട്ടിക്കുളത്ത് ബിയര്‍ ബോടില്‍ കൊണ്ടുള്ള ഏറും കുമ്പളയില്‍ പാളത്തില്‍ കല്ല് നിരത്തിവെച്ച സംഭവവും നടന്നിരുന്നു.
Post a Comment
0 Comments