ചെന്നൈ (www.evisionnews.in): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മുരുകനാണു കൊല്ലപ്പെട്ടത്. ബന്ധുവായ16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുരുകന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊല നടന്നത്. ആറുമാസം മുന്‍പാണ് മുരുകന്‍ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു പീഡനം നടത്തിയത്. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുരുകന്‍ കഴിഞ്ഞ 23നാണു ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മുരുകന്‍ പുറത്തിറങ്ങുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരമായി പുറത്തിറങ്ങിയാലുടന്‍ വെട്ടിക്കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള തോട്ടത്തിലേക്ക് പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. പരുക്കേറ്റ മുരുകന്‍ വൈകാതെ മരണപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകര്‍ക്കുന്നു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനോട് പറഞ്ഞത്. മൂവരെയും റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു.
Post a Comment
0 Comments