കാഞ്ഞങ്ങാട് (www.evisionnews.in): ചിറ്റാരിക്കാല്‍- കുന്നുംകൈ റോഡില്‍ കോടങ്കല്ലില്‍ ഓടുന്ന ബസിന് മുകളില്‍ വൈദ്യുതി തൂണ്‍ വീണു. ഇന്നലെ വൈകിട്ടോടെയാണ് അപകടം. കുന്നുംകൈ വഴി ചിറ്റാരിക്കാലിലേക്ക് പോകുന്ന സെന്റ് ജോസഫ് ബസാണ് അപകടത്തില്‍പെട്ടത്. കാറ്റിലും മഴയിലും പാതയോരത്തെ തെങ്ങ് ഒടിഞ്ഞുവീണ് റോഡിനരികു ചേര്‍ന്ന് പോകുന്ന വൈദ്യുതി കമ്പയിലേക്ക് വീഴുകയും ഇതേതുടര്‍ന്ന് തൂണ്‍ ഇതുവഴി പോവുകയായിരുന്ന ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി പോകുന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ സീറ്റിന് മുകളിലായി തൂണ്‍ പതിച്ചു. ഭീകരമായ ദുരന്തം കണ്‍മുന്നില്‍ കണ്ട ബസ് ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാര്‍ കൂട്ടനിലവിളിയുയര്‍ത്തി. ഭാഗ്യത്തിന് വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വൈദ്യുതി ലൈനും പോസ്റ്റുകളും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Post a Comment
0 Comments