ന്യൂഡല്‍ഹി: പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ച ഒഡീഷ എം.എൽ.എയ്ക്ക് സുപ്രീം കോടതിയുടെ ശാസനം. ബി.ജെ.ഡി എം.എൽ.എയായ പ്രശാന്ത് കുമാർ ജഗ്‌ദേവിനോട് ഒരു വർഷത്തേക്ക് മണ്ഡലത്തിൽ കാലുകുത്തരുതെന്നും ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വിലക്ക് ഉള്ളിടത്തോളം കാലം മണ്ഡലത്തിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. അഞ്ചിൽ കൂടുതൽ പേരടങ്ങുന്ന സംഘത്തെ അഭിസംബോധന ചെയ്യരുതെന്നും കോടതി പറഞ്ഞു. നേരത്തെ പ്രശാന്ത് കുമാറിന്‍റെ ജാമ്യാപേക്ഷ ഒഡീഷ ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കരുതെന്നും സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധിയോടെയാണ് സുപ്രീം കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിക്ക് മറ്റേതെങ്കിലും ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. ചിൽക തടാകത്തിനു സമീപം, ഭാൻപുർ പഞ്ചായത്ത് കെട്ടിടത്തിനു മുന്നിൽ 200ഓളം ബിജെപി പ്രവർത്തകർ ജാഥ നടത്തുന്നതിനിടെ ജഗ്ദേവ് എംഎൽഎ സ്ഥലത്തെത്തുകയായിരുന്നു.
Post a Comment
0 Comments