വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങളും പൊലീസ് നടപടിയും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് എസ്.പി സമർപ്പിക്കും. അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വടകര പൊലീസ് സ്റ്റേഷനിലെ രേഖകൾ ശേഖരിക്കും. നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങും. സജീവന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. സജീവൻ ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാക്കാൻ ബാറിലെ ജീവനക്കാരുടെ മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സസ്പെൻഷനിലായ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവരെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ലെങ്കിൽ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് അയയ്ക്കാനാണ് നീക്കം. ഹാർഡ് ഡിസ്കും മറ്റ് വസ്തുക്കളും പൊലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലെത്തും മുമ്പേ സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം കൊണ്ടുവന്ന വടകര സഹകരണ ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിലെ സാക്ഷികളുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.
Post a Comment
0 Comments