കൊച്ചി: ദുൽഖർ സൽമാന്‍റെ ബഹുഭാഷാ ചിത്രമായ സീതാരാമം ഉടൻ തന്നെ പ്രദർശനത്തിനെത്തും. മൃണാൾ ഠാക്കൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുമന്താണ് ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 5ന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ പ്രേക്ഷകരെ നേരിൽ കാണാൻ ദുൽഖർ സൽമാനും സീതാരാമൻ ടീമും കൊച്ചിയിലെത്തുകയാണ്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നാളെ വൈകിട്ട് 5 മണിക്ക് കൊച്ചി ലുലു മാളിലെത്തും. കശ്മീരിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച ചിത്രത്തിൽ ലഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകിയപ്പോൾ പി.എസ്.വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Post a Comment
0 Comments