ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളുടെ ബന്ധുക്കൾ നൽകിയ ഹർജി സുപ്രീം കോടതി വിശദമായി വാദം കേൾക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും വിശദമായി വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ഹർജിയിൽ പ്രതികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പോൾ മുത്തൂറ്റ് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. പോൾ എം ജോർജിന്‍റെ സഹോദരൻ ജോർജ് എം ജോർജ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. പോൾ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019 ൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുളളവർക്ക് ശിക്ഷ ഇളവു ചെയ്തു. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിയുടെ നടപടി. എന്നാൽ, എല്ലാ വശങ്ങളും പരിഗണിച്ചാണ് ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയതെന്നും പോൾ സഞ്ചരിച്ചിരുന്ന വാഹനത്തെ ക്വട്ടേഷൻ സംഘം പിന്തുടർന്നതും കൊലപാതകം നടത്തിയതും ഒന്നാം പ്രതി ജയചന്ദ്രന്‍റെ നിർദ്ദേശ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ കേസ് അന്വേഷിച്ച സി.ബി.ഐ ഇതുവരെ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.
Post a Comment
0 Comments