സിനിമാ ഇൻഡസ്ട്രിയിൽ നിയമാവലിയുണ്ടെന്നും അത് ലംഘിക്കപ്പെട്ടാൽ ഇൻഡസ്ട്രി എതിരായിരിക്കുമെന്നും ഷെയ്ൻ നിഗം പറഞ്ഞു. ഇത് മനസ്സിലാക്കാൻ വൈകിയത് തന്‍റെ തെറ്റാണെന്നും താരം പറഞ്ഞു. തന്നെ മനസ്സിലാക്കാൻ ഉമ്മച്ചിയ്ക്ക് മാത്രമേ കഴിയൂവെന്നും ഷെയ്ൻ പറഞ്ഞു. "സിനിമയുടെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാത്ത ഒരു കലാകാരന്‍റെ മകനാണ് ഞാൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമകളിൽ മുഖം കാണിക്കാൻ തുടങ്ങിയത്. കേരളത്തിൽ വന്നപ്പോൾ ഒരു വലിയ സിനിമയിൽ നായക വേഷം ചെയ്യാൻ അവസരം കിട്ടി. ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്. ചെറുപ്പത്തിൽ ആരാധനയോടെ കണ്ടിരുന്നവരുടെ സൗഹൃദങ്ങളായി മാറി. ഒട്ടും നയതന്ത്രപരമായല്ല പെരുമാറിയത്, ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു. ഈ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും. അത് തിരിച്ചറിയാൻ അല്പം വൈകിയതാണെന്റെ പിഴവ്. അക്കാലത്ത്, എന്‍റെ ഉമ്മച്ചിയ്ക്ക് മാത്രമേ എന്നെ മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്‍റെ ഉമ്മ എന്‍റെ സുഹൃത്തും വഴികാട്ടിയുമാണ്," ഷെയ്ൻ പറഞ്ഞു. വെയിൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഷെയ്ൻ വിവാദത്തിൽ അകപ്പെട്ടത്. ചിത്രത്തിന്‍റെ നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്നം വലിയ വിവാദമായി മാറിയിരുന്നു. ഉല്ലാസം ആയിരുന്നു ഷെയ്നിന്‍റെ അവസാന ചിത്രം. ബർമുഡയാണ് താരത്തിന്‍റെ അടുത്ത ചിത്രം. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post a Comment
0 Comments