ജന്മദിന സമ്മാനമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സൂര്യ. സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട പോസ്റ്റിലൂടെയാണ് താരം തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. സൂരറൈ പോട്രിന് അവാർഡുകൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൂര്യ കുറിച്ചു. മഹാമാരിയുടെ സമയത്ത് ഒടിടി റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളെല്ലാവരും വളരെയധികം സന്തോഷിച്ചു. ആ സന്തോഷം ദേശീയ അവാർഡിലൂടെ ഇരട്ടിയായി. ക്യാപ്റ്റൻ ഗോപിനാഥന്‍റെ കഥയെ ആസ്പദമാക്കി സിനിമ എടുക്കാൻ സുധ കൊങ്കര നടത്തിയ കഠിനാധ്വാനത്തിനുളള ഫലമാണിത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും സംഗീത സംവിധായകൻ ജി.വി.പ്രകാശ് സുധ കൊങ്കരയ്ക്കൊപ്പം തിരക്കഥാരചനയിൽ ഏർപ്പെട്ട ശാലിനി ഉഷ നായർ എന്നിവരെയും സൂര്യ അഭിനന്ദിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ സംവിധായകൻ വസന്ത് സായിക്കും മണിരത്നത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട അജയ് ദേവ്ഗൺ, തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് അവാർഡ് ജേതാക്കളായ എഡിറ്റർ ശ്രീകർ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോൺ അശ്വിൻ എന്നിവരെയും സൂര്യ അഭിനന്ദിച്ചു.
Post a Comment
0 Comments