ബംഗാൾ: അധ്യാപക റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലുമായി മന്ത്രി പാർത്ഥ ചാറ്റർജി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തന്‍റെ ഫ്ലാറ്റ് പാർത്ഥാ ചാറ്റർജി ബാങ്കായാണ് ഉപയോഗിച്ചതെന്ന് അർപ്പിത പറഞ്ഞു. എംഎൽഎ മണി ഭട്ടാചാര്യയെയും ഇഡി ഇന്ന് ചോദ്യം ചെയ്യും. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും ഇഡി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും പാർത്ഥ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും പാർത്ഥ ഉത്തരം നൽകുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യലുമായി അർപിത മുഖർജി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ടോളിഗഞ്ചിലെ തന്‍റെ ഫ്ലാറ്റ് പണം സംഭരിക്കാൻ പാർത്ഥ ഉപയോഗിച്ചതായി അർപ്പിത ഇഡി സംഘത്തിന് മൊഴി നൽകി. അർപ്പിതയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ബ്ളാക്ക് ഡയറിയിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അർപ്പിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയോടും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments