കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ 'ദിലീപിനെ പൂട്ടണം' എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പ്രമുഖ നടിമാർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ പേരുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. സെലിബ്രിറ്റികളുടെ പേരിൽ ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പാണിതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. 2017ൽ ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് സംഘം രൂപീകരിച്ചതെന്നാണ് കണ്ടെത്തൽ. സംഘത്തിലുള്ള സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മൊഴി ക്രൈംബ്രാഞ്ച് ബുധനാഴ്ചയെടുത്തിരുന്നു. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ വൈകുന്നേരം വരെ തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംഘത്തിൽ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സംവിധായകൻ ആലപ്പി അഷ്റഫിന്‍റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഗ്രൂപ്പിൽ ഉണ്ടെന്ന് കണ്ടാണ് മഞ്ജു വാര്യരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. എന്നാൽ മൊഴി നൽകാൻ അവർ എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇത് അന്വേഷിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Post a Comment
0 Comments