കാസര്‍കോട് (www.evisionnews.in): ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവും നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറുമായ ഹമീദ് മാങ്ങാടിന്റെ മാങ്ങാടും പള്ളത്തിലുമായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
കെട്ടിട നിര്‍മാണത്തിലെ നിസാരമായ സാങ്കേതിക വിഷയങ്ങളെ പര്‍വതീകരിച്ച് രാഷ്ട്രീയമായും വ്യക്തിപരമായുമുള്ള വിരോധം തീര്‍ക്കാന്‍ നടത്തുന്ന അനാവശ്യമായ നിയമ വ്യവഹാരങ്ങള്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലാതെ ഓംബുഡ്‌സ്മാനെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ടീയമായി നേരിടും.
27 വര്‍ഷത്തെ ഇടതുപക്ഷ ഭരണകാലത്താണ് ഉദുമയില്‍ വ്യാപകമായ ക്രമക്കേട് കെട്ടിട നിര്‍മാണത്തിലുണ്ടായിട്ടുള്ളത്. സി.പി.എമ്മിന്റെ മുന്‍ ഭരണ സമിതിയംഗങ്ങളുടെ ഒത്താശയോടെ വ്യാപകമായി വയല്‍ നികത്തിയും ചട്ടങ്ങള്‍ ലംഘിച്ചും പടുത്തുയര്‍ത്തിയ നിരവധി കെട്ടിടങ്ങള്‍ ഉദുമയിലുണ്ടെന്നത് സിപിഎമ്മിന് പോലും നിഷേധിക്കാന്‍ കഴിയാത്ത ആരോപണമാണ്. ഉദുമ പഞ്ചായത്തിലെ ഭരണ പരാജയം മറച്ചുവെക്കാന്‍ വേണ്ടി സിപിഎം നടത്തുന്ന പൊറാട്ട് നാടകത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുമെന്നും മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
Post a Comment
0 Comments