കാസര്‍കോട് (www.evisionnews.in): കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ ചന്ദ്രഗിരി പാലത്തിന് സമീപം തകര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് പാകുന്ന ജോലി ഇനിയും തുടങ്ങിയില്ല. ഇന്‍ര്‍ലോക്ക് കട്ടകള്‍ ഇറക്കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി റോഡ് കിളച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.
ഇതോടെ തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മിക്ക സമയങ്ങളിലും മീറ്ററുകളോളം ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിരയാണിവിടെ. റോഡു മുഴുവന്‍ കിളച്ചിട്ടതോടെ കുഴികുത്തി ചെറുവാഹനങ്ങളടക്കം അപകടത്തില്‍പെടുന്ന സ്ഥിതിയുമുണ്ട്. ചെറുകുഴികള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതും അപകടത്തിനിടയാക്കുന്നു. മഴ പെയ്താല്‍ കുഴിയുള്ള ഭാഗം വെള്ളത്തിലാവുന്നതിനാല്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. കാറുള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിക്കുന്നു.
നിരവധി തവണ മെറ്റലിട്ടും ചെങ്കല്ല് കുത്തിനിറച്ചും കുഴിയടച്ച ഭാഗമാണ് ശാശ്വത പരിഹാരമെന്നോണം കട്ട പാകി അറ്റകുറ്റപ്പണി നടത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മെറ്റലുകള്‍ നിറച്ച് കുഴിയടച്ചത്. മഴ തീരുമ്പോഴേക്ക് വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ഒരു തവണ നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ ചെങ്കല്ല് നിറച്ച് കുഴിയടച്ചിരുന്നു. ഓരോ പ്രാവശ്യം പ്രതിഷേധമുയരുമ്പോള്‍ മെറ്റലും ചെങ്കല്ലും കൊണ്ട് കുഴിയടക്കലാണ് പതിവ്. ഒടുവിലാണ് ഇന്റര്‍ലോക്ക് പാകുന്നത്. എന്നാല്‍ മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പെങ്കിലും പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments