കേരളം (www.evisionnews.in): നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. കാറില്‍ സ്വര്‍ണം കൊണ്ടുപോകുന്നതിനിടെ രാത്രിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയില്‍ നിഷാജി (27) പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടീഷര്‍ട്ടിലും കാറിന്റെ ഗിയര്‍ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ദുബായില്‍ നിന്നും നെടുമ്പാേശ്ശരിയിലേക്ക് സ്വര്‍ണം എത്തിച്ച അഴീക്കോട് ചെമ്മാത്ത് പറമ്പില്‍ സബീലിനെയും (44) പൊലീസ് പിടികൂടി.
ചാവക്കാട് അണ്ടത്തോട് ഭാഗത്ത് നിന്നും കുടുംബത്തോടൊപ്പം സുഹൃത്തില്‍ നിന്നും വാങ്ങിയ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് സബീലിനെ പൊലീസ് സംഘം പിന്‍തുടര്‍ന്ന് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്തിയത്. ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സൂളുകളുടെ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ പശയോടൊപ്പം സ്വര്‍ണത്തരികള്‍ തേച്ചൊട്ടിച്ചുമാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സി.ഐ ബ്രിജുകമാര്‍, ബിനു ആന്റണി എന്നിവര്‍ അടങ്ങുന്ന രാത്രി പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment
0 Comments