ഉദുമ (www.evisionnews.in): ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരപൂച്ചക്കാട്ട് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ വടക്കന്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 30 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടു. സമീപത്തെ ഇബ്രാഹിമിന്റെ വീട്ടില്‍ കവര്‍ച്ചാശ്രമുണ്ടായി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ക്ക് നേരെ മയക്ക്മരുന്നു പ്രയോഗം നടത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയം. പുലര്‍ച്ചെ മൂന്നിനും ആറിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നും സംശയിക്കുന്നു. സാധാരണയായി മുനീര്‍ പുലര്‍ച്ചെ നാല് മണിയോടെ ഉറക്കമുണരാറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച ഉറക്കമുണരാന്‍ ആറ് മണിയാവുകയായിരുന്നു. ഉണര്‍ന്നപ്പോഴാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. പിന്നീട് വീട് പരിശോധിച്ചപ്പോഴാണ് താഴത്തെ നിലയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. സംശയം തോന്നി മറ്റു മുറികള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്. മുനീറും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പ് മുറിയിലെ അലമാര കുത്തിതുറന്നാണ് ആഭരണവും പണവും കവര്‍ന്നത്.വീടിന്റെ മുകള്‍ നിലയില്‍ കയറിയ മോഷ്ടാക്കള്‍ ജനലിലൂടെ കൈ അകത്തിട്ട് വാതിലിന്റെ കൊളുത്ത് നീക്കി വാതില്‍ തുറക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതുവഴി അകത്തു കയറി താഴത്തെ നിലയിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് മുനീര്‍ ചില ആവശ്യങ്ങള്‍ക്കായി പണം ബാങ്കില്‍ നിന്നെടുത്തത്. അതിനിടെ വീടും പരിസരവും നന്നായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്ന് സംശയവുമുയരുന്നുണ്ട്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പികെ സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.അന്വേഷണം നടക്കുന്നു. പൊലീസ് നായയെ കൊണ്ട് വന്ന് പരിശോധന നടത്തി
Post a Comment
0 Comments