Type Here to Get Search Results !

Bottom Ad

സ്വര്‍ണവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കൊള്ളയടിച്ച കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവില്‍


കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കൊള്ളയടിച്ച കേസിലെ ഒന്നാം പ്രതിയും സൂത്രധാരനുമായ കണ്ണൂര്‍ സ്വദേശി ആറുമാസമായി ഒളിവില്‍ തന്നെ. കണ്ണൂര്‍ ധര്‍മടത്തെ സിനില്‍(38) ആണ് പൊലീസിനെ കബളിപ്പിച്ച് മാസങ്ങളായി ഒളിവില്‍ കഴിയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ രാഹുല്‍മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവം നടന്ന് ആറുമാസമായിട്ടും സിനിലിനെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. ഈ കേസിലെ ഭൂരിഭാഗം പ്രതികളെയും കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വയനാട് പനമരം കായക്കുന്നിലെ അഖില്‍ടോം(23), തൃശൂര്‍ കുട്ടിനെല്ലൂര്‍ എളംതുരുത്തിയിലെ ബിനോയ് സി ബേബി(22), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ പുത്തന്‍ പുരയ്ക്കല്‍ അനുഷാജു(28), തൃശൂര്‍ വടക്കശേരിയിലെ എഡ്വിന്‍തോമസ്, ആന്റണി, മുബാറക് എന്നിവര്‍ അടക്കമുള്ള പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. മൊത്തം 11 പ്രതികളാണ് കേസിലുള്ളത്. സിനിലിനെ പിടികൂടാന്‍ പൊലീസ് കൊല്ലൂര്‍, തൃശൂര്‍, കതിരൂര്‍, കണ്ണൂര്‍, കണ്ണപുരം, വളപട്ടണം തുടങ്ങി വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. 

നാല് ഹൈവേ കൊള്ളകളും വധശ്രമങ്ങളും അക്രമങ്ങളുമടക്കം നിരവധി കേസുകളില്‍ പ്രതിയായ സിനില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പതാം പ്രതിയാണ്. കണ്ണപുരം പെലീസ് സ്റ്റേഷന്‍ പരിധിയില്‍ സിനിലിനെതിരെ ഹൈവേ കൊള്ള, തട്ടിക്കൊണ്ടുപോകല്‍, വധശ്രമക്കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് സി.ഐ പി അജിത്കുമാര്‍, എസ്.ഐ രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി തവണ കണ്ണൂരില്‍ പോയിരുന്നെങ്കിലും സിനില്‍ സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ സിനില്‍ വളയത്തെ ഭാര്യാവീട്ടിലാണ് താമസിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് അവിടെയെത്തുമ്പോള്‍ ഈ വിവരം പ്രതിക്ക് ലഭിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.

പൊലീസിന്റെ നീക്കങ്ങള്‍ സിനിലിനെ അറിയിക്കാന്‍ ആളുകളുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെട്ടതിന് ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വയനാട്ടിലും എറണാകുളത്തും അക്രമങ്ങള്‍ നടത്തിയതിന് സിനിലിനെതിരെ കേസുണ്ട്. 2021 സെപ്തംബര്‍ 22ന് ഉച്ചയോടെയാണ് സ്വര്‍ണവ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. രാഹുല്‍ ഇന്നോവകാറില്‍ പോകുമ്പോള്‍ മൊഗ്രാല്‍ പുത്തൂര്‍ പാലത്തിന് സമീപം മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു. തുടര്‍ന്ന് സംഘം വന്ന കാറില്‍ രാഹുലിനെ ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോയി. സംഘത്തിലെ ഒരാള്‍ രാഹുലിന്റെ കാറില്‍ കയറി ഓടിച്ചുപോകുകയായിരുന്നു. 

പയ്യന്നൂര്‍ കാങ്കോലിലെത്തിയപ്പോള്‍ രാഹുലിന്റെ കാറിലെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 1. 65 കോടി രൂപ കൈക്കലാക്കിയ ശേഷം ഈ കാര്‍ ഉപേക്ഷിച്ചു. പൊലീസ് പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ രാഹുലിനെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയാണുണ്ടായത്. പിന്നീട് രാഹുല്‍ കാസര്‍കോട്ട് തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുലിന്റെ കാറും പ്രതികള്‍ സഞ്ചരിച്ച കാറുകളുമടക്കം ആറുവാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. തൊണ്ടിമുതലുകളായി 30 ലക്ഷം രൂപയും 72 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ അഖില്‍ടോം, അനുഷാജു, മുബാറക്, എഡ്വിന്‍, ആന്റണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad