Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ആവശ്യമായ ഹയര്‍സെക്കന്ററി സീറ്റുകള്‍ അനുവദിക്കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നതോടെ ജില്ലയില്‍ ഹയര്‍ സെക്കന്ററി പഠനത്തിനാവശ്യമായ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണെന്നും ആവശ്യമായ സീറ്റുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയപ്പോള്‍ പതിനേഴായിരത്തോളം സീറ്റുകള്‍ മാത്രമേ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളൂ. ഹയര്‍ സെക്കന്ററി പഠനത്തിന് സീറ്റ് ക്ഷാമം മനസിലാക്കിയ എയ്ഡഡ് ഹയര്‍ സെക്കന്ററി മനേജ്‌മെന്റ് പ്ലസ് വണ്‍ സീറ്റിന് ഇപ്പോള്‍ തന്നെ ലേലം വിളി ആരംഭിച്ചിരിക്കുകയാണ്. പല സ്‌കൂളുകളും ഫലപ്രഖ്യാപനത്തിന് മുമ്പു തന്നെ ഹയര്‍ സെക്കന്ററി സീറ്റിന് രക്ഷിതാക്കളില്‍ നിന്ന് അഡ്വാന്‍സ് തുക വാങ്ങിയത് അങ്ങാടിപ്പാട്ടാണ്. സര്‍ക്കാറില്‍ ഗ്രാന്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ശമ്പളം നല്‍കി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ കടത്തിവെട്ടി വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കുകയാണ്. അധ്യാപക നിയമനത്തിന് പണം മാത്രം മാനദണ്ഡമാക്കുന്ന എയ്ഡഡ് മനേജ്‌മെന്റുകള്‍ പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തിലും പണമാണ് മാനദണ്ഡമാക്കുന്നത്.

മെറിറ്റ്, മനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളില്‍ തിരിമറി നടത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും ചൂഷണം ചെയ്യുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത അനാസ്ഥ കാരണമാണ് വിദ്യാഭ്യാസ കൊള്ളനടക്കുന്നത്. എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കാനും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍ സെക്കണ്ടറി പഠനത്തിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അബ്ദുള്‍ റഹ്മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad