കാസര്‍കോട് (www.evisionnews.in): ബംഗളൂരു റോയിട്ടേഴ്സിലെ മാധ്യമ പ്രവര്‍ത്തകയായിരുന്ന കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയില്ല. ശ്രുതിയുടെ ഭര്‍ത്താവ് തളിപ്പറമ്പ് ചുഴലിയിലെ അനീഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.
എന്നാല്‍ സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ബംഗളൂരു പൊലീസിന് സാധിച്ചിട്ടില്ല. അനീഷിനെ അന്വേഷിച്ച് തളിപ്പറമ്പിലെ വീട്ടില്‍ പോയിരുന്നെങ്കിലും കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്നാണ് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ അനീഷിനെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ശ്രുതിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി. രണ്ടുമാസം മുമ്പാണ് ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. നാട്ടില്‍ നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളൂരുവില്‍ എഞ്ചിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രുതിയുടെ മരണത്തില്‍ ബന്ധുക്കള്‍ ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഒളിവില്‍ പോയ അനീഷ് വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയം ഉയരുന്നുണ്ട്. മരിച്ച ശ്രുതി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെ മകളാണ്.
Post a Comment
0 Comments