കാഞ്ഞങ്ങാട് (www.evisionnews.in): ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ കോഴിക്കോട് താമരശേരിയിലെ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കാട് താമരശ്ശേരി പൊലീസ് നീലേശ്വരം ബങ്കളത്ത് എത്തി. ബങ്കളം ദിവ്യംപാറയിലെ ഭര്‍ത്താവ് മെഹ്നുവിനെ തേടിയാണ് അന്വേഷണ സംഘം വന്നത്. എന്നാല്‍ മെഹ്നു വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടിലും പഠിച്ച കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും എത്തി വിശദവിവരങ്ങള്‍ ശേഖരിച്ചു. തിങ്കളാഴ്ച്ചയും ചൊവാഴ്ചയുമാണ് കോഴിക്കോട് നിന്നുമുള്ള പൊലീസ് സംഘം ബങ്കളത്ത് അന്വേഷണം നടത്തിയത്.
റിഫയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് പൊലീസ് ഭര്‍ത്താവിനെ തേടി വന്നത്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബൈയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യ ചെയ്ത ദിവസം രാത്രി ഒമ്പതു മണിയോടെ ദുബായിലെ ജോലി സ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്. മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് ഇപ്പോള്‍ നാട്ടിലാണുള്ളത്.
Post a Comment
0 Comments