ആദൂര്‍ (www.evisionnews.in): അഡൂര്‍ ചാമക്കൊച്ചിയിലെ വീട്ടില്‍ നിന്നും കള്ളത്തോക്കുകളും ബുള്ളറ്റുകളും പിടികൂടിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ചാമക്കൊച്ചിയിലെ ചിദംബരന്റെ (32) വീട്ടില്‍ നിന്നാണ് ലൈസന്‍സില്ലാത്ത രണ്ടു തോക്കുകളും 20 ബുള്ളറ്റുകളും പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.
ആദൂര്‍ സി.ഐ എ അനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിദംബരന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും കള്ളത്തോക്കുകളും ബുള്ളറ്റുകളും പിടിച്ചെടുക്കുകയുമായിരുന്നു. ഈ സമയം ചിദംബരന്‍ വീട്ടിലുണ്ടായിരുന്നില്ല.വീടിന്റെ അടുക്കളയ്ക്ക് മുകളില്‍ വിറകുകള്‍ സൂക്ഷിച്ചതിന്റെ ഇടയിലാണ് തോക്കുകള്‍ ഒളിപ്പിച്ചിരുന്നത്.
തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ഇത്രയേറെ ബുള്ളറ്റുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലൈസന്‍സുള്ള ആരെങ്കിലും വാങ്ങിക്കൊടുത്തതാകാമെന്ന സംശയം പൊലീസിനുണ്ട്. പ്രതിയെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments