കാസര്‍കോട് (www.evisionnews.in): 'റോട്ടറി ക്ലബ് കാനനൂര്‍- ഗിഫ്റ്റ് ഓഫ് ലൈഫ് ' പദ്ധതിയില്‍ 18 വയസു വരെയുള്ള 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു. ഹൃദയാരോഗ്യ ചികിത്സ രംഗത്ത് വൈദഗ്ധ്യമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രിയുമായും ചേര്‍ന്നാണ് ചികിത്സ ലഭ്യമാക്കുന്നത്. പദ്ധതിയില്‍ ഇതുവരെ 13 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിര്‍ധനരായ കുട്ടികളെ കണ്ടെത്താനും കൈത്താങ്ങായി തികച്ചും സൗജന്യമായി ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കാനുമുള്ള ക്യാമ്പ് മേയ് 28ന് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ രാവിലെ എട്ടു മണി മുതല്‍ നാലു മണി വരെ നടത്തും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ജന്മനാലുള്ള ഹൃദ്രോഗത്താല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുര്‍ബലരായ കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ. റോട്ടറി ഇന്റര്‍നാഷണലിന് കീഴിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴി നടത്തുന്ന ശസ്ത്രകിയ തികച്ചും സൗജന്യമാണ്. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുക.
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കാസര്‍കോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കാസര്‍കോട് നഗരസഭയും സംയുക്തമായാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇതിനുവേണ്ട സന്നദ്ധ സേവന സഹായം കാസര്‍കോട് പ്യൂപ്പിള്‍സ് ഫോറമാണ് നല്‍കുന്നത്. കൂടുതല്‍ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ വിദഗ്ദ സംഘം പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റോട്ടറി കാനനൂര്‍- 9048293734/ 9447102199. എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post a Comment
0 Comments