തൃക്കരിപ്പൂര്‍ (കാസര്‍കോട്): തൃക്കരിപ്പൂര്‍ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരും കോഴിക്കോടും നാളെ ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ആതിഥേയരായ കാസര്‍കോടിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തറപറ്റിച്ചാണ് കളിയുടെ സര്‍വമേഖലയിലും ആധിപത്യം നേടിയ തൃശൂര്‍ ജില്ലാ ടീം ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്.
കളിയുടെ മൂന്നാം മിനുറ്റില്‍ തന്നെ തൃശൂരിന്റെ ഗോളടിയന്ത്രം റിജോയ് പി ചാക്കോ കാസര്‍കോടിന്റെ വല കുലുക്കിയപ്പോള്‍ എറെ പ്രതീക്ഷയോടെയെത്തിയ കാണികളും കാസര്‍കോട് ക്യാമ്പും മ്ലാനമായി. തുടര്‍ന്ന് 12,46,90 മിനുറ്റുകളിലും കാസര്‍കോടിന്റെ ഗോള്‍ വല കുലുങ്ങി.ടൂര്‍ണമെന്റിലെ മികച്ച കളി പുറത്തെടുത്ത തൃശൂരിനു വേണ്ടി റിജോയ് പി ചാക്കോ രണ്ടു ഗോളുകളും എന്‍ എസ് അനന്ദു, അഖില്‍ ഫിലിപ്പ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
വൈകിട്ട് നടന്ന രണ്ടാം സെമിയില്‍ കോഴിക്കോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കണ്ണൂരിനെ തകര്‍ത്ത് ഫൈനല്‍ യോഗ്യത നേടി. കോഴിക്കോടിനു വേണ്ടി എന്‍.പി നിഹാന്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് സനൂത്ത് എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. കണ്ണൂര്‍ ജില്ലക്ക് വേണ്ടി അവരുടെ കാര്‍ത്തിക്കാണ് ആശ്വാസ ഗോള്‍ നേടിയത്. ഇന്നു നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ രാവിലെ ഏഴിന് കാസര്‍കോട് കണ്ണൂരിനെ നേരിടും.
Post a Comment
0 Comments