കാസര്‍കോട് (www.evisionnews.in): കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ മയക്കുമരുന്ന് കേസിലെ പ്രതി കാസര്‍കോട് ജില്ലാ കോടതിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലംപാടിയിലെ അമീറലി (23)യാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന അമീറലിയെ തിങ്കളാഴ്ച രാവിലെ ജില്ലാപ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. മൂന്ന് പൊലീസുകാരാണ് അമീറലിയെ വാഹനത്തില്‍ കൊണ്ടുവന്നത്.
കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ അമീറലി പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാര്‍ പിറകെ ഓടിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ അമീറലിയെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിക്കഴിഞ്ഞു.
മെയ് 12ന് ഉച്ചയോടെയാണ് ബദിയടുക്ക ചെടേക്കാലില്‍ നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കടത്തിയ എംഡിഎംഎ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി അമീറലിയെ ബദിയടുക്ക എസ്‌ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. 15 പാക്കറ്റുകളിലായി സൂക്ഷിച്ച 8.640 ഗ്രാം എംഡിഎംഎയാണ് അമീറലിയില്‍ നിന്ന് പിടികൂടിയിരുന്നത്.
കാറില്‍ നിന്ന് റിവോള്‍വറിന് സമാന മായ രണ്ട് കൈത്തോ ക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിരുന്നു. അമീറലി പ്രതിയായ മയക്കുമരുന്ന് കേസ് ജില്ലാ കോടതി പരിഗ ണിക്കുന്ന സാഹചര്യത്തിലാണ് പ്രതിയെ ഹാജരാക്കാന്‍ കൊണ്ടുവന്നത്. പ്രതി രക്ഷപ്പെട്ടതോടെ മൂന്നു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയേറിയിരിക്കുകയാണ്.