കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മാര്‍ക്കറ്റില്‍ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗവും, ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് ഇവ. കര്‍ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. 50 ബോക്സുകളിലായാണ് മത്സ്യം എത്തിച്ചത്. ഇതില്‍ 8 ബോക്സോളം പഴകിയതായിരുന്നു. കൂടുതല്‍ ലോറികളില്‍ എത്തിച്ച മത്സ്യം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ആറു് ദിവസമായി നടക്കുന്ന പരിശോധനയില്‍ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments