കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് കവര്‍ച്ച. ഏഴു പവന്‍ സ്വര്‍ണവും 1.40 ലക്ഷം രൂപയും നഷ്ടപ്പെട്ടു. കല്ലൂരാവിയിലെ പാല്‍സൊസൈറ്റി ജീവനക്കാരന്‍ വിനോദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കല്ലൂരാവി മുത്തപ്പന്‍ മടപ്പുരയില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകലശോത്സവം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ രാത്രി 7.30 മണിക്ക് വീടുപൂട്ടി കുടുംബസമേതം തൊഴാന്‍ പോയതായിരുന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞ് 8.30 മണിയോടെ വിനോദിന്റെ ഭാര്യ മഞ്ജുഷയും മൂന്നു കുട്ടികളും തിരിച്ചെത്തി മുന്‍വശത്തെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഇതേതുടര്‍ന്ന് വിനോദിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിനോദ് എത്തി പരിശോധിച്ചപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്തതായി കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പു മുറിയും സ്വര്‍ണവും പണവും സൂക്ഷിച്ച അലമാരയടക്കം കുത്തിതുറന്നതായി കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി വീടുപൂട്ടി താക്കോലുമായി പോയി. തിങ്കളാഴ്ച വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി പരിശോധന നടത്തേണ്ടത് കൊണ്ടാണ് പൊലീസ് വീടു പൂട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ രീതിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് കല്ലൂരാവി ബദരിയ ജുമാ മസ്ജിദിന് അടുത്തുള്ള കെഎച്ച് അലിയുടെ വീട്ടില്‍ നിന്നും 36 പവന്‍ സ്വര്‍ണവും 28,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. ഈ കേസില്‍ ഇതുവരെ തുമ്പൊന്നും ആയിട്ടില്ല.
Post a Comment
0 Comments