Type Here to Get Search Results !

Bottom Ad

അത്യപൂര്‍വമായ ചിംനി ശസ്ത്രക്രിയ രീതിയിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 80കാരന്‍ പുതുജന്മം


കണ്ണൂര്‍ (www.evisionnews.in): അത്യപൂര്‍വമായ ചിംനി ശസ്ത്രക്രിയാ രീതിയിലൂടെ എണ്‍പതുവയസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. വയറുവേദനയും തുടര്‍ന്ന് ബോധക്ഷയവും സംഭവിച്ച വ്യക്തിയെ ബന്ധുക്കള്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. വിശദമായ പരിശോധനയില്‍ വയറിലെ മഹാധമനിയില്‍ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഹൃദയത്തിലും കാലിലും ബ്ലോക്കുകളും കണ്ടു പിടിക്കപ്പെട്ടു.

നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. പ്രായവും ശ്വാസകോശ സംബന്ധമായ രോഗവും കാരണം അദ്ദേഹത്തെ അനസ്തേഷ്യ നല്‍കി ശരീരം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുവാന്‍ സാധിക്കുമായിരുന്നില്ല. കീ ഹോള്‍ രീതിയിലൂടെ സ്റ്റന്‍ഡ് സ്ഥാപിക്കുക എന്നതായിരുന്നു ചെയ്യാന്‍ സാധിക്കുന്ന രീതി. എന്നാല്‍ മഹാധമനിയില്‍ വിള്ളല്‍ വന്ന ഭാഗം സ്റ്റെന്റ് വെച്ച് അടക്കുമ്പോള്‍ വൃക്കയിലേക്കും കുടലിലേക്കും രക്തം പോകുന്ന ദ്വാരം കൂടി അടയ്ക്കപ്പെടും. ഇത് കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

ഈ സാഹചര്യത്തില്‍ കുടലിലേക്കും വൃക്കയിലേക്കും രക്തം പോകുന്ന ഭാഗങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ രീതിയില്‍ സ്റ്റന്‍ഡ് സ്ഥാപിച്ച് വൃക്കയിലേക്കുമുള്ള രക്തസഞ്ചാര പാതയെ തടസമില്ലാതാക്കുന്നു ഈ രീതിയെയാണ് ചിംനി എന്ന് പറയുന്നത്. വളരെ സങ്കീര്‍ണ്ണമായ ഈ രീതി മാത്രമാണ് രോഗിക്ക് ഫലപ്രദമെന്ന കാര്യം ബന്ധുക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവരുടെ സമ്മതത്തോടെ ശസ്ത്രക്രിയ നിര്‍വ്വഹിക്കുകയും ചെയ്തു. എട്ട് മണിക്കൂറിലധികം സമയം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവില്‍ സ്റ്റെന്റ് വിജയകരമായി സ്ഥാപിക്കുകയും മഹാധമനിയിലെ വിള്ളല്‍ അടയ്ക്കുകയും വൃക്കയിലേക്കും കുടലിലേക്കുമുള്ള രക്തസഞ്ചാരം ഉറപ്പ് വരുത്തുകയും കാലിലെ ബ്ലോക്ക് നീക്കം ചെയ്യുകയും ചെയ്തു. അതിന് ശേഷം അതേ ദിവസം തന്നെ ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യുവാന്‍ രോഗിയെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.

രോഗി അതിവേഗം രോഗമുക്തി നേടുകയും ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തി ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. ഇത്തരം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഉത്തരമലബാറില്‍ ആദ്യമായാണ് നിര്‍വ്വഹിക്കുന്നത്. ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ അനുഭവസമ്പത്തും അത്യാധുനിക കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സാന്നിദ്ധ്യവുമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹായകരമായത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍) പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് കാര്‍ഡിയോളജി, റേഡിയോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ ഡോക്ടര്‍മാരും ടെക്നീഷ്യന്മാരും നേതൃത്വം വഹിച്ചു. പത്രസമ്മേളനത്തില്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍, ഡോ. അനില്‍ കുമാര്‍, കൂടാതെ സര്ജറിക്ക് വിധേയനായ കീച്ചേരി സ്വദേശി പ്രൊഫസര്‍ ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad