Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല: പൗരത്വ സമരം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് 39000 രൂപ പിഴ


കാസര്‍കോട് (www.evisionnews.in): ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കോടതി പിഴ ചുമത്തി. പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019 ഡിസംബര്‍ 24ന് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച നേതാക്കള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ്, ഹാഷിം ബംബ്രാണി, ബഷീര്‍ കടവത്ത്, ഖലീല്‍ കൊല്ലമ്പാടി, ജലീല്‍ തുരുത്തി, ബി. അഷ്‌റഫ്, ഷാനി നെല്ലിക്കട്ട, പിഎം അന്‍വര്‍,സലീം ചെര്‍ക്കള, പിഎച്ച് മുനീര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് ചുമത്തിയ കേസിലാണ് കോടതി 39000 രൂപ പിഴശിക്ഷ വിധിച്ചത്.

പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല. പൗരത്വ സമരവുമായി ബന്ധപ്പെട്ട പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad