കാസര്‍കോട് (www.evisionnews.in): പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതിന് പിന്നില്‍ മംഗളൂരു ജില്ലാ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുന്ന സഹോദരങ്ങള്‍. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കേസിന് തുമ്പായത്. മംഗളൂരു കടുമോട്ടയിലെ നസീര്‍ എന്ന നുസൈര്‍ (25), സഹോദരന്‍ സിദ്ദിഖ് (23) എന്നിവരാണ് കവര്‍ച്ച നടത്തിയത്. പി. പത്മനാഭന്റെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണും ഇയര്‍ ഫോണും കവര്‍ന്നത്. പ്രതികളെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കസ്റ്റഡിയില്‍ വാങ്ങാന്‍ അമ്പലത്തറ എസ്.ഐ. മധുസൂദനനും സംഘവും മംഗളൂരുവിലെത്തിയിട്ടുണ്ട്. ഉച്ചയോടെ പ്രതികളെ കാസര്‍കോട്ടെത്തിക്കും.
രണ്ടുപേരും മംഗളൂരുവിലെ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ്. മംഗളൂരുവില്‍ പൊലീസിനെ അക്രമിച്ച കേസ്, മഞ്ചേശ്വരം, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുണ്ട്. പുല്ലൂര്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് പത്മനാഭന്റെ വീട്. ഫെബ്രുവരി 14നാണ് സംഭവം. അടച്ചിട്ട വീടാണ് കുത്തിത്തുറന്നത്. ഗള്‍ഫിലായിരുന്ന പത്മനാഭന്‍ പുല്ലൂരിലെ സുധാകരനെയാണ് വീടിന്റ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരുന്നത്.
ഇടയ്ക്കിടെ വന്ന് ചെടികള്‍ നനച്ചു പോകാറുള്ള സുധാകരന്‍ പതിനാലിന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. മൂന്ന് മുറികള്‍ തകര്‍ത്ത് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന് ഇവിടെ നിന്നും നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വിറ്റതിനെ തുടര്‍ന്നാണ് ഒരാളെ കുറിച്ച് വിവരം ലഭിച്ചത്. മറ്റൊരാളെ വിരലടയാളം പരിശോധിച്ചുമാണ് തിരിച്ചറിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.
Post a Comment
0 Comments