കാസര്‍കോട് (www.evisionnews.in): സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അധികാരികള്‍ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ കേരള ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും നല്‍കിയ കത്തില്‍ പറഞ്ഞു. കാസര്‍കോട് നഗരത്തില്‍ ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് ആശുപത്രിയില്‍ പ്രസവചികിത്സക്കെത്തിയ ഒരു രോഗിയോട് അഡ്മിറ്റ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ പണം അടക്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് പണംഅടച്ചതിന് ശേഷം മാത്രമാണ് ചികിത്സ ലഭ്യമാക്കിയത്.
രാജ്യത്ത് കേട്ട് കേള്‍വി പോലുമില്ലാത്തവിധത്തിലാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ മുന്‍കൂട്ടി പണം നല്‍ കേണ്ടുന്ന ദുരവസ്ഥയുണ്ടായത്. ആതുര ശുശ്രൂഷ രംഗം കച്ചവട വല്‍ക്കരിക്കപ്പെടുകയും സ്വകാര്യ ആശുപത്രികളും രോഗ നിര്‍ണ്ണയ കേന്ദ്രങ്ങളും ധനസമാഹരണ കേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കയാണ്.
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരമുള്ള ഹെല്‍ത്ത്കാര്‍ഡ് ഉപയോഗിക്കുന്ന രോഗികളെയാണ് സ്വകാര്യ ആശുപത്രികള്‍ കൊള്ളയടിക്കുന്നത്. ആരോഗ്യ കാര്‍ഡില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കുകയും അതിന് പുറമെ പാവപ്പെട്ട രോഗികളില്‍ നിന്ന് വന്‍തുക പിടിച്ച് വാങ്ങുകയുമാണ് ചെയ്യുന്നത്.
സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് സാധാരണറൂം സൗകര്യം നിഷേധിച്ച് മാറ്റിനിര്‍ത്തുകയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി റൂമുകള്‍ മാത്രം നല്‍കി ആയിനത്തിലും കൊള്ള നടത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി സ്വകാര്യ ആശുപത്രികളിലെ അനാവശ്യ ചികിത്സാ കൊള്ള തടയുവാനും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുവാനും രോഗികള്‍ക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അബ്ദുള്‍ റഹ്മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments