മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ ശങ്കരനാരായണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വെച്ചാണ് അന്ത്യം. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറായും ചുമതല വഹിച്ചിട്ടുണ്ട്.
ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലാണ് ജനനം.
വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു.
പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1968ല്‍ 36-ാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോള്‍ അതുല്യഘോഷ്, എസ്.കെ.പാട്ടീല്‍, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന (1971- 76).
1976-ല്‍ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിച്ചു. 1977-ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പു മന്ത്രിയായി. രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ രാജിവെച്ചതോടെ 16ദിവസം മാത്രമേ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ സാധിച്ചൊളളു. 1980-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ല്‍ ഒറ്റപ്പാലത്ത് നിന്നും 2001-ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Post a Comment
0 Comments