Type Here to Get Search Results !

Bottom Ad

ബീച്ചില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങി മരിച്ചു


മംഗളൂരു (www.evisionnews.in): ബീച്ചില്‍ കളിക്കുന്നതിനിടെ തിരമാലയില്‍പെട്ട് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ സൂറത്ത്കലിലെ എന്‍ഐടികെ ബീച്ചിലാണ് അപകടം. സൂറത്ത്കല്‍ ശക്തിനഗര്‍ സ്വദേശികളായ വെങ്കിടേഷിന്റെ മകള്‍ വൈഷ്ണവി (21), സഹോദരന്റെ മകള്‍ തൃഷ (17) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും സഹോദരങ്ങളുടെ മകളാണ്.

അടുത്തിടെ മരിച്ച വെങ്കിടേഷിന്റെ ഭാര്യാപിതാവിന്റെ ചിതാഭസ്മം സമര്‍പ്പിക്കാന്‍ കുടുംബ സമേതം എന്‍ഐടികെ ബീച്ചിലേക്ക് എത്തിയതായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മകള്‍ വൈഷ്ണവിക്കും തൃഷയ്ക്കുമൊപ്പം വെങ്കിടേഷ് ബീച്ചില്‍ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു വലിയ തിരമാല അവരെയെല്ലാം കടലിലേക്ക് വലിച്ചിഴച്ചു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. സൂറത്ത്കല്‍ പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പ്രശാന്തും സമീപത്തുണ്ടായിരുന്ന മറ്റൊരു നാട്ടുകാരനായ യുവാവും ചേര്‍ന്ന് മൂവരെയും കരയിലെത്തിച്ച ശേഷം ഹൊയ്സാല വാനില്‍ മുക്ക ശ്രീനിവാസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വഴിമധ്യേ തൃഷയും വൈഷ്ണവിയും മരിച്ചു. വെങ്കിടേഷ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതായാണ് വിവരം.

വൈഷ്ണവി നഗരത്തിലെ ഒരു കോളജില്‍ എഞ്ചിനീയറിംഗ് പഠിക്കുകയായിരുന്നു, തൃഷ ബെംഗളൂരുവിലെ ഗുരുകുല ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad