കാസര്‍കോട് (www.evisionnews.in): എയിംസ് ശുപാര്‍ശയില്‍ കാസര്‍കോടിന്റെ പേരും ഉള്‍പ്പെടുത്താനായി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 101-ാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ 101 സ്ത്രീകള്‍ ഉപവാസം നടത്തി. സമരത്തില്‍ 15കാരി ജൊഫീന ജോണി മുതല്‍ ഉദ്ഘാടകയായ പ്രൊഫസര്‍ കുസുമം വരെ അണിചേര്‍ന്നു. കൂടംകുളം ആണവ നിലയം സമരത്തില്‍ മേധാപട്ക്കര്‍ക്കൊപ്പം മംഗലപുരത്തില്‍ നിന്ന് കടല്‍ മാര്‍ഗം സമരം നടത്തുകയും എന്‍ഡോസള്‍ഫാന്‍ സമരം അടക്കം നിരവധി സമര പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന മദ്യവര്‍ജ്ജന വിദ്യാര്‍ഥി സമിതിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ജെഫീന ജോണി.
20 വയസുള്ള എന്‍ഡോസള്‍ഫാന്‍ രോഗിയായ സൗപര്‍ണ്ണേഷ് ജോണിയും സമരത്തില്‍ അണിചേര്‍ന്നു. താന്‍ എന്തിന് നിരാഹാരമിരിക്കുന്നുവെന്ന് അല്‍പം മാത്രം അറിവുള്ളുവെങ്കിലും കഴിഞ്ഞ 30ലധികം ദിനം കാസര്‍കോടിന്റെ ജനകീയ ആവശ്യത്തിന് വേണ്ടി നിരാഹാരമിരിക്കുന്ന സമര പോരാളിയാണ് സൗപര്‍ണ്ണേഷ്. സമരപ്പന്തലിനോട് ചേര്‍ന്ന് സമര തീജ്വാലകളുടെ സ്മരണയിലൂടെ ഒരു തണല്‍ മരവും നട്ടുകൊണ്ടാണ് 101-ാം ദിവസത്തെ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന പരിപാടിയില്‍ ഫറീന കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് സ്വാഗതം പറഞ്ഞു. ബാലചന്ദ്രന്‍ കൊട്ടോടിയുടെ ഫ്‌ളൂട്ട്, ഇഷാ കിഷോറിന്റെ നൃത്തം, ഗോകുലും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട്, ഫ്രൈഡേ കള്‍ച്ചറല്‍ സെന്റര്‍ തൈക്കടപ്പുറത്തിന്റെ കോല്‍ക്കളി, ചെറുവത്തൂര്‍ കണ്ണങ്കൈ അമ്പലത്തറ മെഹന്ദി വനിതാ വേദിയുടെ ഒപ്പന, തിരുവാതിര, സന്ദേശം ചൗക്കിയുടെ ആഭിമുഖ്യത്തില്‍ ചന്ദ്രന്‍ കരുവാക്കോടിന്റെ നാടകം 'പുലികേശി 2' തുടങ്ങി കലാപരിപാടികളും അരങ്ങേറി. എയിംസ് കൂട്ടായ്മ സംഘാടക സമിതി ഭാരവാഹികളായ കെജെ സജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫറീന കോട്ടപ്പുറം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ആനന്ദന്‍ പെരുമ്പള, സലീം സന്ദേശം ചൗക്കി നേതൃത്വം നല്‍കി.
Post a Comment
0 Comments