കാസര്‍കോട്: ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനി മുളിയാര്‍ ആല്‍നടുക്കത്തെ ഷുഹൈല (15)യുടെ ആത്മഹത്യ കേസ് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കും. മാര്‍ച്ച് 30ന് വൈകീട്ട് ആറരയോടെയാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നു മാഫിയകളില്‍ പെട്ട് മുളിയാര്‍ മുലയടുക്കം സ്വദേശികളായ നാല് യുവാക്കള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി കുടുംബം ഇന്നലെ ഉച്ചക്ക് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.നിരന്തരം പെണ്‍കുട്ടിയെ ഈ സംഘം ശല്യപ്പെടുത്തുകയും, ഭീഷണി പ്പെടുത്തുകയും ചെയ്തതായി സഹോദരന്‍ റഊഫ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ആദൂര്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെയാണ് കേസന്വേഷണം സ്വന്തം മേല്‍നോട്ടത്തില്‍ നടത്തുമെന്ന് എസ്പി വൈഭവ് സക്‌സേന ഉറപ്പു നല്‍കിയത്.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ എസ്പി, ജില്ലാ കലക്റ്റര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കള, അധ്യാപകരായ ടിഎ സമീര്‍, രാജേഷ് പാടി, ഇജെ സെബാസ്റ്റ്യന്‍, പിടിഎ അംഗം മുഹമ്മദ് കുഞ്ഞി എന്നിവരാണ് നിവേദനം നല്‍കിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ നേരത്തെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
Post a Comment
0 Comments