ആദൂര്‍: വഴക്കിനിടെ അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയതാണെന്ന് മകന്‍ പൊലീസില്‍ മൊഴി നല്‍കി. അഡൂര്‍ പാണ്ടി വെള്ളരിക്കയത്തെ ബാല കൃഷ്ണ നായകിന്റെ (57) മരണവുമായി ബന്ധപ്പെട്ട് മകന്‍ നരേന്ദ്ര പ്രസാദിനെ (27) ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്പോഴാണ് കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രപ്രസാദിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
നരേന്ദ്ര പ്രസാദിനെ കാസര്‍കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലകൃഷ്ണനായക് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാലകൃഷ്ണനായകും മകന്‍ നരേന്ദ്രപ്രസാദും മദ്യലഹരിയില്‍ വഴക്കുകൂടിയിരുന്നു. വീട്ടുമുറ്റത്ത് വഴക്കുകൂടുന്നതിനിടെ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടാകുകയും തുടര്‍ന്ന് ബാലകൃഷ്ണ നായകിനെ നരേന്ദ്രപ്രസാദ് തള്ളിവീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് വീണുകിടന്ന ബാലകൃഷ്ണനായകിന്റെ നെഞ്ചില്‍ നിരവധി തവണ ചവിട്ടി.
വീഴ്ചയുടെ ആഘാതത്തില്‍ തലക്കേറ്റ പരിക്കും ശക്തിയില്‍ ചവിട്ടിയതുമൂലം വാരിയെല്ലുകള്‍ക്ക് സംഭവിച്ച ക്ഷതവുമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. ബാലകൃഷ്ണനായകിന്റെ ഭാര്യ സരോജിനിയെയും പൊലീസ് ചോദ്യം ചെയ്തു. രണ്ടുപേരും തമ്മില്‍ രാത്രി വഴക്കുണ്ടായി രുന്നുവെന്നും ഇതു പതിവാണെന്നും സരോജിനി മൊഴി നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഉണര്‍ന്നപ്പോള്‍ വീട്ടിനകത്ത് ബാലകൃഷ്ണനായകിനെ കാണാതിരുന്നതിനാല്‍ പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത് വീണുകടക്കുന്നത് കണ്ടെന്നും താനും മകനും ചേര്‍ന്ന് അവിടെ നിന്ന് താങ്ങിയെടുത്ത് വീട്ടിലെ ചായ്പില്‍ കിടത്തുകയായിരുന്നെന്നും സരോജിനി പൊലീസിനോട് വെളിപ്പെടുത്തി. പിന്നീടാണ് മരിച്ചെന്ന് ബോധ്യപ്പെട്ടതെന്നും അപ്പോള്‍ തന്നെ പരിസരവാസികളെ വിവരമറിയിച്ചെന്നും സരോജിനി വ്യക്തമാക്കി. ബാലകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
Post a Comment
0 Comments