കാസര്‍കോട് (www.evisionnews.in): കേരളത്തിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും മനുഷ്യത്വത്തിനും വിവരണാധീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ കേരള സര്‍ക്കാറിനോട് അവശ്യപ്പെട്ടു.
മുസ്ലിം ലീഗ് അംഗം സക്കറിയ എംഎസ് അനുവാദകനായി. മുഹമ്മദ് കുഞ്ഞി തായലങ്ങാടി അവതരിപ്പിച്ച പ്രമേയത്തെ ചെന്നിക്കര വാര്‍ഡില്‍ നിന്നുള്ള സി.പി.എം അംഗവും ഫിഷ്മാര്‍ക്കറ്റ്,ഹൊന്നമൂല വാര്‍ഡുകളിലെ സ്വതന്ത്ര അംഗങ്ങളും ബിജെപി അംഗം രമേശും എതിര്‍ത്തു. നഗരസഭയിലെ ബി.ജെ.പി മറ്റു അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രമേശന്‍ എതിര്‍ത്തത് പാളയത്തിലുള്ള ചേരിതിരിവ് വ്യക്തമുകുന്നതാണ്.
നഗരസഭയിലെ 01,02, 29, 30, 31, 34, 35 വാര്‍ഡുകളില്‍ നിലവിലെ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ് കടന്ന പോകുന്നതായാണ് അറിയുന്നതെന്നും കാസര്‍കോട് നഗരസഭയില്‍ നിരവധി ഭവനങ്ങളും കെട്ടിടങ്ങളും തകര്‍ത്തിട്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നതെന്നും പ്രമേയ അവതാരകന്‍ പറഞ്ഞു. പാവപ്പെട്ടവന് അഞ്ചു സെന്റ് വയലില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ ഏക്കര്‍ കണക്കിന് വയലുകളും ചതുപ്പു നിലങ്ങളും മണ്ണിട്ട് നികത്തി കൊണ്ടാണ് ഈപദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.
ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പലിശക്ക് കടമെടുത്താണ് ഈ പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത്.ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകള്‍ കയ്യേറി നടപ്പിലാക്കുന്ന കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ആയിരക്കണക്കിന് വീടുകളും, വയലുകളും, വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന പദ്ധതി തീര്‍ത്തും ജന വിരുദ്ധമാണെന്നും കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് ഇത് കാരണമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
3700 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ സാധാരണക്കാരനുണ്ടാകുന്ന പ്രയോജനം സംബന്ധിച്ച് സംസാരിക്കുന്നതിന് പകരം കേവലം 2 മണിക്കൂര്‍ യാത്ര ലാഭത്തെ കുറിച്ച് മാത്രം പറഞ്ഞ് കൊണ്ടിരിക്കുന്നത് തീര്‍ത്തും ബാലിശവും ദുരുദ്ദേശപരവുമാണ്. അതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു.
Post a Comment
0 Comments