Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. റോയിടേഴ്‌സില്‍ ഒമ്പത് വര്‍ഷത്തിലധികമായി സീനിയര്‍ എഡിറ്ററായിരുന്ന ശ്രുതിയെ കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞത് മുതല്‍ ശ്രുതി നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനമായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. തലയിണ മുഖത്തുവച്ച് അമര്‍ത്തി ശ്രുതിയെ കൊല്ലാന്‍ നോക്കിയതടക്കമുള്ള കാര്യങ്ങളാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അനീഷ് കോറോത്തിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ശ്രുതിയുടെ സഹോദരന്‍ നിശാന്ത് നാരായണനും നാത്തൂന്‍ ജിഷയും യുവതി ഭര്‍ത്താവില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ ബെംഗ്‌ളുറു വൈറ്റ് ഫീല്‍ഡ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. 2017ലാണ് ശ്രുതിയുടെയും അനീഷിന്റേയും വിവാഹം നടന്നത്. ആദ്യനാളുകള്‍ മുതല്‍ തന്നെ അനീഷ് ശ്രുതിയോട് ക്രൂരമായി പെരുമാറി തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ ക്യാമറ വച്ച് അനീഷ് ശ്രുതിയെ നിരന്തരം നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നുവെന്നും വീട്ടില്‍ വോയിസ് റെകോര്‍ഡറും സ്ഥാപിച്ചിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. ശ്രുതിയുടെ സ്ഥിരനിക്ഷേപത്തിന്റെ നോമിനിയായി തന്നെ വെയ്ക്കണമെന്ന് അനീഷ് നിര്‍ബന്ധിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ബംഗളൂരിലെ ഫ്ലാറ്റില്‍ മാര്‍ച്ച് 20നാണ് ശ്രുതി തൂങ്ങിമരിച്ചതെങ്കിലും പുറത്തറിയുന്നത് രണ്ടുദിവസം കഴിഞ്ഞാണെന്ന് സഹോദരന്‍ നിശാന്ത് നാരായണന്‍ പറഞ്ഞു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യ വേദിയുടെ വൈസ് പ്രസിഡണ്ടുമായ നാരായണ്‍ പേരിയയുടെ മകളാണ് ശ്രുതി. ഇടയ്ക്കിടെ പിതാവ് മകളുടെ ഫ്ലാറ്റിലെത്തി താമസിക്കുമ്പോര്‍ മാത്രമാണ് ശ്രുതിയെ അല്‍പമെങ്കിലും സന്തോഷവതിയായി കണ്ടതെന്ന് സുഹൃത്ത് പ്രഗീത് കൈമള്‍ വ്യക്തമാക്കി. ഭര്‍ത്താവിനും സ്വന്തം വീട്ടുകാര്‍ക്കും പൊലീസിനുമായി മൂന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ശ്രുതി മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad