കാസര്‍കോട് (www.evisionnews.in): പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മെയ് മൂന്നിന് സാക്ഷിവിസ്താരം ആരംഭിക്കും. മധൂര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി റോഡിലെ അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജ്ജാവര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ സുള്ള്യ അജ്ജാവരയിലെ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അജ്ജാവരയിലെ അസീസ് ഒഴികെയുള്ള പ്രതികളാണ് സുബൈദ വധക്കേസില്‍ വിചാരണ നേരിടുന്നത്.
2018 ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലം കാണാനെന്ന വ്യാജേന എത്തിയ പ്രതികള്‍ കുടിവെള്ളം ആവശ്യപ്പെട്ട് സുബൈദയുടെ വീട്ടിലെത്തുകയും കൈകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് സുബൈദയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബേക്കല്‍ സി.ഐ വിശ്വംഭരനാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാലാംപ്രതിയെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
മൊത്തം ഒമ്പത് സാക്ഷികളാണ് കേസിലുള്ളത്. 60 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. കവര്‍ച്ചാ മുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാള്‍ രക്ഷപ്പെട്ടത് വിചാരണ നീണ്ടുപോകാന്‍ കാരണമായി. കോവിഡ് സാഹചര്യവും സുബൈദ വധക്കേസ് വിചാരണയെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
Post a Comment
0 Comments