കൊച്ചി (www.evisionnews.in): വിവിധ ഭക്ഷ്യവിതരണ ആപ്പുകളിലെ ഓര്‍ഡറുകളും മെനുവും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ മാനേജ് ചെയ്യാന്‍ റെസ്റ്റോറന്റുകളെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് 'ഫോപ്സ്' 2.25 കോടി രൂപയുടെ മൂലധന ഫണ്ടിങ് കരസ്ഥമാക്കി. യു.എ.ഇ ആസ്ഥാനമായ, 'ഐവയര്‍ ഗ്രൂപ്പി'ന്റെ സാരഥികളായ ഫിറോസ് കരുമണ്ണില്‍, വ്യോമേഷ് താക്കര്‍, അഹമ്മദ് ഫസീഹ് അക്തര്‍ എന്നീ ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നാണ് പ്രീ-സീഡ് റൗണ്ടിലുള്ള ഈ മൂലധന നിക്ഷേപം കരസ്ഥമാക്കിയത്.
മലപ്പുറം സ്വദേശി പി.എ അബ്ദുല്‍ സലാഹും കാസര്‍കോട് സ്വദേശി മുഹമ്മദ് മിഗ്ദാദും ചേര്‍ന്ന് 2020 ഏപ്രിലില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കളമശ്ശേരി കാമ്പസില്‍ തുടങ്ങിയ സംരംഭമാണ് ഫോപ്സ്. ഗള്‍ഫ് മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പദ്ധതിയായ 'ഫ്‌ലാറ്റ് 6 ലാബ്സി'ല്‍ ഇടംപിടിച്ചിട്ടുള്ള സംരംഭമാണ് ഇത്.
സൊമാറ്റോ, സ്വിഗ്ഗി, ഡണ്‍സോ, ഫുഡ്പാണ്ട, ആമസോണ്‍ റെസ്റ്റോറന്റ്സ് എന്നീ ആപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകളും മെനുവും മറ്റും മാനേജ് ചെയ്യാനുള്ള 'സോഫ്റ്റ്വേര്‍ ആസ് എ സര്‍വീസ്' (സാസ്) പ്ലാറ്റ്ഫോമാണ് 'ഫോപ്സ്'. രണ്ടു വര്‍ഷത്തിനിടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലായി 7.50 ലക്ഷത്തോളം ഓര്‍ഡറുകള്‍ ഈ പ്ലാറ്റ്ഫോം വഴി റെസ്റ്റോറന്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വിപണനം ശക്തിപ്പെടുത്താനും കൂടുതല്‍ നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് ഫോപ്സിന്റെ കോ-ഫൗണ്ടര്‍മാരായ അബ്ദുല്‍ സലാഹും മുഹമ്മദ് മിഗ്ദാദും പറഞ്ഞു.
Post a Comment
0 Comments