പുത്തൂര്‍ (www.evisionnews.in): കേരളത്തിലും കര്‍ണാടകയിലും വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലെ പുത്തൂരില്‍ പൊലീസ് പിടിയിലായി. ചിക്കമുദ്നൂര്‍ തരിഗുഡ്ഡെ മാനെ സ്വദേശികളായ മുഹമ്മദ് അഷ്റഫ് എന്ന തരിഗുഡ്ഡെ അഷ്റഫ് എന്ന മന്‍സൂര്‍(42), കെ മുഹമ്മദ് സലാം എന്നിവരെയാണ് പുത്തൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്ജനടുക്ക മുഹമ്മദലി എന്നയാളുടെ വീട്ടിലും വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും ഈ ഭാഗത്തെ നിരവധി കടകളിലും വീടുകളിലും കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയിലെ രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
സ്വര്‍ണാഭരണങ്ങള്‍, വെള്ളി ഉരുപ്പടികള്‍, ലാപ്ടോപ്പ്, സിസി ക്യാമറ, ഡിവിആര്‍, മോഷണത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആകെ 6.5 ലക്ഷം രൂപയുടെ മുതലുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ക്കെതിരെ ഉപ്പിനങ്ങാടി, സുള്ള്യ, പുത്തൂര്‍, ബെല്ലാരെ, ബണ്ട്വാള്‍, ധര്‍മ്മസ്ഥല, വിട്‌ള, മലപ്പുറം കൊണ്ടോട്ടി, ആദൂര്‍, സോമവാര്‍പേട്ട് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണകന്നഡ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Post a Comment
0 Comments